2009, ഡിസംബർ 18, വെള്ളിയാഴ്‌ച

തയ്യല്‍







മുറിയില്‍
തയ്യല്‍ മെഷീന്റെ തളര്‍ന്ന
ചുവടുകള്‍
ചുറ്റിനും കത്രിച്ചിട്ട കൈയ്യ്
കാല്, കഴുത്ത്.കീശക്കണ്ണുകള്‍
തിരിഞ്ഞു തീരുന്ന നൂല്‍മഴ
സൂചിമുന കോര്‍ക്കുന്ന
മാറിടത്തില്‍
കത്തിരിപ്പൂട്ടുകള്‍
കണ്ണിത്തുന്നലുകള്‍
പൂവുകള്‍, കണ്ണാടികള്‍
ലേസുകള്‍ പിടിപ്പിച്ച യൌവനം
കട്ടിത്തുണിയാല്‍ മുറിവുകള്‍
മറച്ച്
ഒരുങ്ങുന്നു
നഗരത്തിലെ ഇലക്ട്രിക്
കത്തിയെരിയലിലേക്ക്...............

published in Deshabimani on 2003.August..3

മണ്ണാത്തി




ആകാശത്തിലേക്ക്
കുത്തിയിറങ്ങുന്ന മരച്ചില്ലകള്‍
അലസമായ സ്വപ്നങ്ങളെ
കുടഞ്ഞെറിയുന്ന
സൂര്യന്‍
എന്നെയെന്തിനാണിവിടെ
കെട്ടിയിട്ടിരിക്കുന്നത്
കടലിനു കൊടുക്കാതെ
തേങ്ങും പുഴ

വീണ മുലകള്‍ വാരിക്കെട്ടി
ദാഹിച്ചു മരിക്കാറായ
പുഴയില്‍ അലക്കാനിറങ്ങിയ
മണ്ണാത്തി

തലയില്‍ മലവും മൂത്രവും
പേറ്റു രക്തത്തിന്റെ ചൂടും
ചൂരും

നിറം മങ്ങിയ പകലുകളെ
മുഴുവന്‍ അലക്കി വെളുപ്പിച്ചിട്ടും
രണ്ടറ്റവും
കൂട്ടിമുട്ടാത്ത പുഴ പോലെ
ജീവിതം

അടിച്ചടിച്ചു തിരുമ്മിയിട്ടും
പുഴയുടെ മുഖത്തു നിന്ന്
മായാത്ത കറുത്ത മറുകായ്
കടത്തു തോണി

കഴുത്തോളം വെയിലുള്ള
പുഴയില്‍ നിന്ന്
കറുകറുത്ത് കല്ലാകുന്നു
മണ്ണാത്തി!

2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

പ്രണയ തീരത്ത്




അവന്റെ മനസ്സ്
എന്റെയൊപ്പം സഞ്ചരിക്കുന്നുണ്ട്
മരങ്ങള്‍ കാറ്റില്‍ ഇലപൊഴിക്കുന്നതു പോലെ
അത് എന്നിലേക്കിടക്കിടെ
അടര്‍ന്നു വീഴുന്നുണ്ട്

ഒരു കടല്‍ മുഴുവനുമുള്‍ക്കൊള്ളുന്ന
ശംഖില്‍ നിന്നെന്ന പോലെ
അതിന്റെ മുഴക്കങ്ങള്‍ ഞാന്‍
കേള്‍ക്കുന്നുണ്ട്

തെരുവോരത്തും
പുസ്തകക്കടയിലെ തിരക്കിലും
ഒരിക്കലുമെന്നെ വിസ്ത്രതിയിലേക്ക്
നയിക്കാത്ത ഈ വഴികളിലും
ആകാശം പോലെ
അത് എന്നെ പിന്തുടരുന്നു
സൂര്യനായിയെന്നിലെരിയുന്നു

ഇരു സമുദ്രങ്ങളിലകപ്പെട്ട നദികള്‍ പോലെ
ഞങ്ങള്‍ അലയുന്വോഴും
എല്ലാ ജലാശയങ്ങളുമൊന്നു തന്നെയെന്ന്
ഒഴുക്ക് ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

ഒരു പ്രണയം നമുക്ക്
തരുന്നത്
വിരഹമോ കാത്തിരിപ്പുകളൊ അല്ല
തിളങ്ങുന്ന രണ്ട് കണ്ണുകളാണ്..........

2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

നാഴികള്‍



എന്റെ വീട്ടിലുണ്ട്
വാര്‍ധക്യം ബാധിച്ച
രണ്ടു നാഴികള്‍
വിചിത്ര ശീലങ്ങളുള്ള
കൊത്തുപണികളോട്
കൂടിയവ

നരച്ചു പോയെങ്കിലും
സ്നേഹപൂര്‍വ്വമായ
ശാസനയാല്‍
ജീവിതത്തെ ഇപ്പോഴും
അളക്കാനും ചെരിക്കാനും
കഴിവുള്ളവ

ക്രുത്യമായ ചില ആചാരങ്ങളും
നിര്‍ബന്ധബുദ്ധികളും
തിമിരത്തിനുള്ള
മരുന്നുപോലെ കാത്തു
സൂക്ഷിക്കുന്നവ

അളന്നളന്നൊന്നും
കൂട്ടിവെക്കാതെ
ക്ഷീണിച്ച വയറുകളിലേക്ക്
വേണ്ടപോലെ
വിളമ്പിയിരുന്നവ

പാടവും പത്തായവും
ഒഴിഞ്ഞ നാളുകളിലും
കുത്തരിയുടെ
മണത്തെ കുറിച്ചും
ചാമയുടെ സ്വാദിനെ
കുറിച്ചും
കാലും നീട്ടിയിരുന്ന്
മുറുക്കാന്‍ ചവച്ചവ

മലായിലേക്കും ബിലായിലേക്കും
നടയിറങ്ങി പോയ നേരത്ത്
ഒഴിഞ്ഞ ഭസ്മക്കുട്ടക്കും
തേഞ്ഞ ചാണക്കല്ലിനുമൊപ്പം
ആരൊക്കെയോ
ഉപേക്ഷിച്ചിട്ടു പോയവ……………

2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

കലം

ഈ കലം
ഉമിയിട്ടുരച്ചും കഞ്ഞിവെള്ളമൊഴിച്ചു
തിളപ്പിച്ചും അമ്മ മെരുക്കിയെടുത്തത്
ആരൊക്കെയോ തട്ടിയുടച്ചിട്ടും
വീണ്ടും കൂടിചേര്‍ന്നത്
ഇതിനുള്ളില്‍ വീട്
പുകയാളിചുവക്കുന്നുണ്ട്

വക്കത്ത് വിശപ്പിന്റെ
തേങ്ങലുകള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്
ഈ കലം ഉണ്ടാക്കിയ
കുന്വാരത്തിയിന്ന് ജീവിച്ചിരിപ്പില്ല
എന്നാല്‍ ഇതുണ്ടാക്കിയ മണ്ണ്
ഇപ്പോഴും ബാക്കി

ഇതിന്റെ കരിയിലാണ്
അമ്മ പതിവായി
കണ്ണെഴുതിയിരുന്നത്

ഇത് എന്റേതാകണമെന്ന്
ഞാനൊരിക്കലും ആശിച്ചതല്ല
ഭ്രാന്തമായ ഇതിന്റെ
നിറഭേദങ്ങളെ
ഭയന്നാണ്  ഞാന്‍
പുസ്തകങ്ങളിലേക്ക്
ഓടിയൊളിച്ചത്
എന്നിട്ടും ജീവിതത്തിന്റെ
ഒരു അത്യാവശ്യം പോലെ
ഇന്നത് എനിക്ക് തന്നെ വന്നുചേര്‍ന്നിരിക്കുന്നു!

people visited me