2012, ജനുവരി 27, വെള്ളിയാഴ്‌ച

കറുത്ത സങ്കടം





ഇന്നാണ് ഞാനാ കറുത്ത പാറ മുഴുവന്‍
തിന്നു തീര്‍ത്തത്
വീടിനു മുന്‍പില്‍ തലയുയര്‍ത്തിയ
ഭീമാകാരതയായി
അത് നില്‍ക്കാന്‍ തുടങ്ങിയിട്ട്
കാലം കുറെയായിരുന്നു

അവിടെയാണ് എന്റെ
മഴയും വെയിലും
മറഞ്ഞു പോയത്
വസന്തവും ഹേമന്തവും
ചിറകറ്റു വീണത്
പുഴയൊഴുക്കുകള്‍
നിശ്ചലമായത്
പച്ചക്കാടുകളും പുല്‍മേടുകളും
വരഞ്ഞു തീരുന്നതിനു മുന്‍പ്
കാഴ്ച തട്ടിയുടഞ്ഞതും
ചെമ്മണ്‍പാതയിലേക്കുള്ള നോട്ടം
ശൂന്യതയില്‍ മുറിഞ്ഞതും
ആകാശം അലിഞ്ഞില്ലാതെയായതും

കാഴ്ചയുടെ അതിരുകള്‍ മുറിഞ്ഞ്
ഇപ്പോള്‍ വെളിച്ചം
വീണിരിക്കുന്നു
എന്നാല്‍ മുന്നില്‍ പച്ചക്കാടില്ല
പകരം ക്ഷൌരം ചെയ്ത മരങ്ങള്‍
പുഴയുടെ  കുഴിഞ്ഞ കണ്ണ്
പാതകള്‍ വീണു കിടക്കും
നിസ്സഹായതയുടെ കറുത്ത നിഴലുകള്‍
ആകാശം തുള വീണ ശീലക്കുട
വസന്തം പൂക്കാത്ത മരം
മഴയും വേനലും
മാറി മാറി വരുന്ന
ഇല്ലായ്മയുടെ വരണ്ട പൊട്ടക്കുളങ്ങള്‍
ഇറക്കി വെക്കാന്‍ കഴിയാത്ത
വന്മലയായി ഇപ്പോള്‍
തലയില്‍ ജീവിതം









മുള്ളുവേലി




മുള്ളുവേലിക്കരികില്‍
കുപ്പിക്കഷ്ണങ്ങള്‍
കണ്ണാടിചീളുകള്‍
കാതു പോയ ചായക്കോപ്പ
അങ്ങിനെ വീടിനുള്ളീല്‍
ഉടഞ്ഞതെല്ലാം

ഇടക്കിടെ മുള്ളീലുടക്കി
വലിയുന്ന നോട്ടങ്ങള്‍
വേലിയുടെ സുതാര്യതയിലൂടെ
അതിര്‍ത്തി ലംഘിക്കുന്ന കാറ്റ്
എത്തി നോക്കി കണ്ണിറുക്കും
വള്ളീപ്പടര്‍പ്പുകള്‍
മുള്ളുപെടാതെയമര്‍ന്നു കടന്ന്
മുറ്റം ചികയും കോഴികള്‍
എന്നാലിന്നലെ വാക്കുകളുടെ
അതിര്‍ത്തിമുറിഞ്ഞ്
മണ്ണും ചോരയും ഒന്നായിയപ്പോള്‍


വേലിക്കുള്ളില്‍
ഇല്ലായിരുന്നു
ഞാനും നീയും കളിച്ചു വളര്‍ന്ന
നമ്മുടെ വീട്

2010, ജൂലൈ 19, തിങ്കളാഴ്‌ച

കൂട്ടുകാര്‍






നമുക്ക് വീണ്ടും കൂട്ടുകാരാവാമെന്ന് നീ
ഞാനപ്പോള്‍ പണ്ട് മണ്ണപ്പം ചുട്ടൂ കളിച്ചിരുന്ന
പ്ലാവിലയുടെ തണുപ്പുള്ള
എന്റെ കുട്ടിക്കാലമോര്‍ത്തു

നിഷ്ക്കളങ്കരായ കൂട്ടുകാരെ ഓര്‍ത്തു
അവരില്‍ ആരെങ്കിലുമൊരാളാവാന്‍
കഴിയുമോ നിനക്ക്?


നിലാവു പോലുള്ള എന്റെ നിശാവസ്ത്രം
ഞെരിച്ച
പിത്രുത്വം അവകാശപ്പെടാനില്ലാതെ പോയ
രാത്രികളുടെ ഓര്‍മ്മ
മധുര വാക്കുകള്‍ കൊണ്ടെന്നെ വഞ്ചിച്ച
പകലുകളുടെ ഭാരം
ഏതു പുഴയില്‍ ഒഴുക്കി കളഞ്ഞിട്ടു വേണം
നിന്റെ കൂട്ടുകാരിയാവാന്‍
പണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ അച്ഛനും
അമ്മയും കളിക്കുമായിരുന്നു
പിന്നെ കുറേകഴിയുന്വോള്‍ വേഷം മാറി വീണ്ടും

സ്വപ്നത്തിന്റെ പൂന്വാറ്റ ചിറകൊതുക്കി
നിഷ്ക്കളങ്ക ബാല്യത്തിലേക്കും
അനായാസമായി പിച്ച വെച്ച് പോകുന്ന പോലെ
നിസ്സാരമായി..................
സ്വപ്നത്തില്‍ നിന്ന് ജീവിതത്തിലേക്കും
ജീവിതത്തില്‍ നിന്ന് സ്വപ്നത്തിലേക്കും
ആരുമറിയാതെയിങ്ങന
അഴുക്കു പുരണ്ട കാലുകള്‍ കൊണ്ട്
ചുവടൂ വെക്കാനാവില്ലെനിക്ക്

കാരണം എന്നിലിപ്പോഴുമൊളിച്ചിരിപ്പുണ്ടൊരു
കുട്ടി
അമ്മൂമ്മകഥകളില്‍ ജീവിക്കുന്ന
നുണ പറഞ്ഞാല്‍ കല്ലാകുമെന്ന്
ഭയക്കുന്ന ഒരു കുട്ടി!

2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

അവകാശി

തടിച്ചു താട തൂങ്ങിയൊരു കൊഴുപ്പുതുണ്ടം
[നീയുറങ്ങി കിടക്കുന്വോള്‍
കാതു കടിച്ച് കണ്ണീലൂടരിച്ച് 
മൂക്കിന്‍ തുന്വില്‍ ഞാന്‍
ദേഷ്യത്താലിളക്കി കുലുക്കി
ചൊറിഞ്ഞും ഞെരിച്ചും നീയെന്നെ
\നിന്നില്‍ നിന്നടര്‍ത്തിയിട്ടപ്പോള്‍
ഉലയാത്ത വിരിയിലെ ഉടയാത്ത
\മൌനപുറ്റിലഭയം തേടി ഞാന്‍
നിന്റെ ഉറക്കം തൂങ്ങി കണ്ണൂകള്‍
തിരഞ്ഞു വലഞ്ഞു അപ്പോഴൊക്കെയെന്നെ
ഇന്നലെ ഉച്ചയൂണിനു ശേഷം 
വലിയൊരേന്വക്കമോടെ
ഉറങ്ങാ‍ന്‍ കിടന്ന നീയിതു വരെയുമുണര്‍ന്നീല
ഇറങ്ങി കയറി നുള്ളി നോവിച്ചിട്ടും
ഇന്ദ്രീയങ്ങളൊന്നുമിളകീല
അനക്കമില്ലാത്തയീ 
\മാംസപിണ്ഡത്തിനവകാശിയിപ്പോള്‍
ഞാന്‍ മാത്രം!
\
\

2010, ജനുവരി 4, തിങ്കളാഴ്‌ച

കാഴ്ച

ടിവിയില്‍ തിളച്ചു മറിയുന്നൊരുടല്‍
മൂലയില്‍ ഞരന്വറ്റ റേഡിയോ

മെഗാ സീരിയലില്‍ കരഞ്ഞു തോര്‍ന്ന
കണ്‍കള്‍ക്ക്
ഫ്ലാഷ് ന്യൂസായി ഓടിക്കിതച്ചെത്തിയ
തീവണ്ടി ദുരന്തം
തമാശയായി

രണ്ടു ചാനലുകള്‍ക്കിടയിലെ
പരസ്യക്കുശലത്തില്‍
വന്ന കാര്യം മറന്നു പോയൊരു
വിരുന്നുകാരന്‍

അടുക്കളയില്‍
കലമുടക്കുന്ന പൂച്ച
തട്ടി മറിയും പാല്
ഉറുന്വരിക്കുന്ന പ്രാതല്‍
സ്ക്രീനില്‍ ഇപ്പോള്‍
സുഭദ്രാരോഹണം!

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

തയ്യല്‍







മുറിയില്‍
തയ്യല്‍ മെഷീന്റെ തളര്‍ന്ന
ചുവടുകള്‍
ചുറ്റിനും കത്രിച്ചിട്ട കൈയ്യ്
കാല്, കഴുത്ത്.കീശക്കണ്ണുകള്‍
തിരിഞ്ഞു തീരുന്ന നൂല്‍മഴ
സൂചിമുന കോര്‍ക്കുന്ന
മാറിടത്തില്‍
കത്തിരിപ്പൂട്ടുകള്‍
കണ്ണിത്തുന്നലുകള്‍
പൂവുകള്‍, കണ്ണാടികള്‍
ലേസുകള്‍ പിടിപ്പിച്ച യൌവനം
കട്ടിത്തുണിയാല്‍ മുറിവുകള്‍
മറച്ച്
ഒരുങ്ങുന്നു
നഗരത്തിലെ ഇലക്ട്രിക്
കത്തിയെരിയലിലേക്ക്...............

published in Deshabimani on 2003.August..3

മണ്ണാത്തി




ആകാശത്തിലേക്ക്
കുത്തിയിറങ്ങുന്ന മരച്ചില്ലകള്‍
അലസമായ സ്വപ്നങ്ങളെ
കുടഞ്ഞെറിയുന്ന
സൂര്യന്‍
എന്നെയെന്തിനാണിവിടെ
കെട്ടിയിട്ടിരിക്കുന്നത്
കടലിനു കൊടുക്കാതെ
തേങ്ങും പുഴ

വീണ മുലകള്‍ വാരിക്കെട്ടി
ദാഹിച്ചു മരിക്കാറായ
പുഴയില്‍ അലക്കാനിറങ്ങിയ
മണ്ണാത്തി

തലയില്‍ മലവും മൂത്രവും
പേറ്റു രക്തത്തിന്റെ ചൂടും
ചൂരും

നിറം മങ്ങിയ പകലുകളെ
മുഴുവന്‍ അലക്കി വെളുപ്പിച്ചിട്ടും
രണ്ടറ്റവും
കൂട്ടിമുട്ടാത്ത പുഴ പോലെ
ജീവിതം

അടിച്ചടിച്ചു തിരുമ്മിയിട്ടും
പുഴയുടെ മുഖത്തു നിന്ന്
മായാത്ത കറുത്ത മറുകായ്
കടത്തു തോണി

കഴുത്തോളം വെയിലുള്ള
പുഴയില്‍ നിന്ന്
കറുകറുത്ത് കല്ലാകുന്നു
മണ്ണാത്തി!

people visited me