2012, ജനുവരി 27, വെള്ളിയാഴ്‌ച

കറുത്ത സങ്കടം





ഇന്നാണ് ഞാനാ കറുത്ത പാറ മുഴുവന്‍
തിന്നു തീര്‍ത്തത്
വീടിനു മുന്‍പില്‍ തലയുയര്‍ത്തിയ
ഭീമാകാരതയായി
അത് നില്‍ക്കാന്‍ തുടങ്ങിയിട്ട്
കാലം കുറെയായിരുന്നു

അവിടെയാണ് എന്റെ
മഴയും വെയിലും
മറഞ്ഞു പോയത്
വസന്തവും ഹേമന്തവും
ചിറകറ്റു വീണത്
പുഴയൊഴുക്കുകള്‍
നിശ്ചലമായത്
പച്ചക്കാടുകളും പുല്‍മേടുകളും
വരഞ്ഞു തീരുന്നതിനു മുന്‍പ്
കാഴ്ച തട്ടിയുടഞ്ഞതും
ചെമ്മണ്‍പാതയിലേക്കുള്ള നോട്ടം
ശൂന്യതയില്‍ മുറിഞ്ഞതും
ആകാശം അലിഞ്ഞില്ലാതെയായതും

കാഴ്ചയുടെ അതിരുകള്‍ മുറിഞ്ഞ്
ഇപ്പോള്‍ വെളിച്ചം
വീണിരിക്കുന്നു
എന്നാല്‍ മുന്നില്‍ പച്ചക്കാടില്ല
പകരം ക്ഷൌരം ചെയ്ത മരങ്ങള്‍
പുഴയുടെ  കുഴിഞ്ഞ കണ്ണ്
പാതകള്‍ വീണു കിടക്കും
നിസ്സഹായതയുടെ കറുത്ത നിഴലുകള്‍
ആകാശം തുള വീണ ശീലക്കുട
വസന്തം പൂക്കാത്ത മരം
മഴയും വേനലും
മാറി മാറി വരുന്ന
ഇല്ലായ്മയുടെ വരണ്ട പൊട്ടക്കുളങ്ങള്‍
ഇറക്കി വെക്കാന്‍ കഴിയാത്ത
വന്മലയായി ഇപ്പോള്‍
തലയില്‍ ജീവിതം









മുള്ളുവേലി




മുള്ളുവേലിക്കരികില്‍
കുപ്പിക്കഷ്ണങ്ങള്‍
കണ്ണാടിചീളുകള്‍
കാതു പോയ ചായക്കോപ്പ
അങ്ങിനെ വീടിനുള്ളീല്‍
ഉടഞ്ഞതെല്ലാം

ഇടക്കിടെ മുള്ളീലുടക്കി
വലിയുന്ന നോട്ടങ്ങള്‍
വേലിയുടെ സുതാര്യതയിലൂടെ
അതിര്‍ത്തി ലംഘിക്കുന്ന കാറ്റ്
എത്തി നോക്കി കണ്ണിറുക്കും
വള്ളീപ്പടര്‍പ്പുകള്‍
മുള്ളുപെടാതെയമര്‍ന്നു കടന്ന്
മുറ്റം ചികയും കോഴികള്‍
എന്നാലിന്നലെ വാക്കുകളുടെ
അതിര്‍ത്തിമുറിഞ്ഞ്
മണ്ണും ചോരയും ഒന്നായിയപ്പോള്‍


വേലിക്കുള്ളില്‍
ഇല്ലായിരുന്നു
ഞാനും നീയും കളിച്ചു വളര്‍ന്ന
നമ്മുടെ വീട്

people visited me